കോഴിയുടെ പര്യായം

Posted by on 17 Nov 2005

എന്തെന്ന് ആദ്യം എനിക്കും അറിയില്ലായിരുന്നു. അതറിയാഞ്ഞത് അത്ര കുറവാണെന്നും തോന്നുന്നില്ല. എന്നാല്‍, മലയാളഭൂമിയില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് പലര്‍ക്കും മലയാളം ചൊവ്വെ പറയാനും എഴുതാനും അറിയില്ലെന്ന് കാണുന്പോള്‍ നോവുന്നു.

പല കൂട്ടരുണ്ടിതില്‍. ഒരു കൂട്ടര്‍ ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ച്, മലയാളം മറന്നുപോകുന്നവര്‍. ഞാന്‍ പ്ലസ്‍ടു-വിന് പഠിച്ചപ്പോള്‍ ഏകദേശം ഇങ്ങനെയൊരു അന്തരീക്ഷമായിരുന്നു. കൂട്ടുകാരില്‍, ചെറിയ ക്ളാസ് മുതല്‍ക്കേ ഹിന്ദി ഐച്ഛികവിഷയമായി എടുത്തവര്‍ ധാരാളം. അവര്‍ക്ക് മലയാളം പഠിക്കാനേയില്ല. പലര്‍ക്കും മലയാളം നേരാംവണ്ണം എഴുതാനും വയിക്കാനും അറിയില്ലെന്നു കണ്ടപ്പോള്‍ അത്ഭുതം തോന്നിപ്പോയി. ഇവിടെ കാരണക്കാര്‍ ആര്? സ്കൂള്‍? മറ്റൊരു കൂട്ടര്‍ വിദേശത്ത് ജനിച്ചു വളരുന്നവര്‍. കേരളത്തില്‍ ജീവിച്ചിട്ടില്ലെങ്കിലും ചിലര്‍ വളരെ നന്നായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്നാല്‍ മറ്റു ചിലര്‍ക്ക് മലയാളം ഏഴയലോക്കത്തു കൂടി പോയിട്ടില്ല. ഇവിടെ കാരണക്കാര്‍ ആര്? മാതാപിതാക്കള്‍? എന്റെ സഹവാസി (സഹമുറിയന്‍) ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. (അവനിത് വായിക്കാന്‍ പോകുന്നില്ല എന്നു കരുതുന്നു 😉 ). കക്ഷി മലയാളം മീഡിയത്തിലൊക്കെ പഠിച്ചയാളാണ്. പക്ഷെ ഗവേഷണവും എല്ലാം കഴിഞ്ഞപ്പോള്‍ മലയാളമങ്ങ് താനേ വിട്ടുപോയി. ഇപ്പോള്‍ പല വാക്കുകളും അന്യമാണ്. എന്നാലും ‘അജഗജാന്തരം’ എന്നൊക്കെ പറഞ്ഞുകളയും ആശാന്‍! അപ്പോള്‍ ഞാന്‍ നിലനില്പിന് ‘ചക്ഷുശ്രവണഗളസ്തമാം ദര്‍ദ്ദുരം’ എന്നൊക്കെ പറയേണ്ടി വരും, അവന്റെ നാവടക്കാന്‍.

അപ്പോള്‍ കോഴിയുടെ പര്യായത്തിലേയ്‍ക്ക് തിരിച്ചു വരട്ടെ. ഈയിടെ നാട്ടിലായിരുന്നപ്പോള്‍ സംഭവിച്ചത്. എന്റെ പ്രിയപ്പെട്ട കസിന് പതിനൊന്നാം ക്ളാസിലെ ഓണപ്പരീക്ഷ ആയിരുന്നു. ഞാന്‍ വന്നതറിഞ്ഞ് എന്നെ ഫോണ്‍ വിളിച്ചതാണ്. “എടീ, നാളെ നിനക്കെന്തിന്റെ പരീക്ഷയാ??” “ഇകോണോമിക്സ്”. ഞാന്‍ ചുമ്മാ ചോദിച്ചു: “എടീ ഇകോണോമിക്സിന്റെ മലയാളം എന്താ??” പെട്ടെന്നു കിട്ടി മറുപടി: “ചരിത്രം”. “ചരിത്രം???!!!!!!!!!!” ഞങ്ങളെല്ലാരും കൂടെ പിന്നെയവളെ കൊന്നുവിട്ടില്ലേ! അബദ്ധം പറ്റിയതാണ്, എന്നാലും പിന്നെ ഞാന്‍ അവളെ വെറുതെ വിട്ടില്ല, എപ്പോഴും ഓരൊ പര്യായവും നാനാര്‍ത്ഥവും വിപരീതവും ഒക്കെ അന്പെയ്യാന്‍ തുടങ്ങി. അങ്ങനെയെത്തിയതാണ് കോഴിയില്‍. ചോദിച്ചു വന്നപ്പോള്‍ ആര്‍ക്കും അറിയില്ല. മറ്റൊരു കസിന്റെ ഭാര്യ മലയാളം അദ്ധ്യാപികയാണ്, പുള്ളിക്കാരിക്കും അറിയില്ല. അവസാനം ഭൌതികശാസ്ത്രം അദ്ധ്യാപികയായ അമ്മായി(ആന്റി)യുടെ അടുത്തു നിന്നാണ് ഒരു പര്യായം കിട്ടിയത്.

മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്‍റ്റ്‍വെയര്‍ ഉണ്ടോ ഡൌണ്‍ലോഡ് ചെയ്യാന്‍ എവിടെയെങ്കിലും? ഓണ്‍ലൈന്‍ നിഘണ്ടു കണ്ടിട്ടൂണ്ട്, അതല്ല (അതത്ര പോര താനും). കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ രവി ഡി.സി. (ഡി.സി.ബുക്സ്) യോട് ഇക്കാര്യം സംസാരിച്ചിരുന്നു. മലയാളം പഠിക്കാനും ഉപയോഗിക്കാനും വാക്‍സന്പത്ത് വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അതുപോലൊരു സോഫ്‍റ്റ്‍വെയര്‍ നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. മേശപ്പുറത്തിരുന്ന ലാപ്‍ടോപ്പ് എന്റെ നേരേ നീക്കിയിട്ട് ദേ നോക്ക് എന്നു ആശാന്‍ പറഞ്ഞു. നോക്കിയപ്പോള്‍ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളൊക്കെ അതില്‍ ഞാന്‍ കണ്ടു. അതെ, ഞാന്‍ വിചാരിച്ചിരുന്ന തരം ഒരു സോഫ്‍റ്റ്‍വെയര്‍ തന്നെ. ഏകദേശം പൂര്‍ത്തിയായി വരുന്നു, സെക്യൂരിറ്റിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം, ആരും ചുമ്മാ കോപ്പി ചെയ്തും ഡൌണ്‍ലോഡ് ചെയ്തും കൊണ്ടൂപോകരുത്. അപ്പോള്‍ മനസ്സിലായി ഇതു ഫ്രീ അല്ല, കാശുമുടക്കുള്ള ഏര്‍പ്പാടാണെന്ന്. ഞാന്‍ പറഞ്ഞു, ഞങ്ങളിത് ഇറക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ഫ്രീ ആയിരിക്കും. എങ്കിലും, ലാഭം മുന്നില്‍ കണ്ടാണെങ്കിലും ഡി.സി.ബുക്സിന്റെ സംരംഭങ്ങള്‍ പ്രശംസനീയം!! മലയാളത്തെ ഇത്രയധികം പരിപോഷിച്ച വേറേ പ്രസാധകരില്ല. സോഫ്‍റ്റ്‍വെയര്‍ ഇറക്ക്, ഞാന്‍ ക്രാക്ക് ചെയ്തോളാമെന്നും തമാശയ്‍ക്ക് പറഞ്ഞാണ് അവിടുന്നിറങ്ങിയത്. മറ്റൊരു മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്‍റ്റ്‍വെയര്‍ വിപണിയില്‍ കണ്ടു, മനോരമ ഇറക്കിയ ‘പദാര്‍ത്ഥം’. ആരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടൊ? ഇങ്ങനെയൊരു സംരംഭത്തിന് ആരെങ്കിലും തുനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ ഞാനും ആവും വിധം സഹായിക്കാം.

ഏതായാലും മലയാളം പറയാനും വായിക്കാനും അറിയാവുന്ന ഒരാളെ മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്ന് ഞാന്‍ കരുതിയിരിക്കുകയാണ്.. എനിക്കു മലയാളത്തില്‍ പ്രേമിച്ചാലേ പ്രേമം വരൂ..

അപ്പോള്‍ കോഴിയുടെ പര്യായം?? ആരോടെങ്കിലും ചോദിച്ചുനോക്കൂ.. കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഇപ്പോ അത്യാവശ്യമൊന്നുമില്ലല്ലൊ!

This blog is in Malayalam language. Any reading problems? Check here.

ഒരു മുസാണ്ടയും കുറെ ജോനകനുറുമ്പുകളും

Posted by on 11 Nov 2005

oru mosandayum kure jonakan-urumbukalum

ഈയിടെ എടുത്ത മറ്റ് പ്രകൃതി ചിത്രങ്ങള്‍.

അര്‍ദ്ധരാത്രി പതിനൊന്നു മണി

Posted by on 11 Nov 2005

പണ്ട് പള്ളിക്കൂടത്തില്‍ പോയിരുന്നപ്പോള്‍ കൂട്ടുകാരുമൊത്തുണ്ടാക്കിയ ഓരോ തമാശകള്‍. ഓരോ കൂട്ടത്തിലുമുള്ള അസംബന്ധങ്ങളുടെ എണ്ണം കൊടുത്തിട്ടുണ്ട്.

[ഒരു കറുത്തവാവു‍ ദിവസം. അര്‍ദ്ധരാത്രി പതിനൊന്നു മണി. ചന്ദ്രന്‍ കുതിച്ചുയരുന്നു.] (2) [എവിടെത്തിരിഞ്ഞു നോക്കിയാലും കാട്ടാനകളുടെ അലര്‍ച്ചയും സിംഹങ്ങളുടെ ഗര്‍ജ്ജനവും കേള്‍ക്കാം.] (2) [അങ്ങനെ എങ്ങും നിശ്ശബ്ദമായിരിക്കുന്ന സമയം!..] (1) [ആ പെരുമഴയത്ത് പൊടി പറത്തിക്കൊണ്ട് വെളുത്ത പെയിന്റടിച്ച ഒരു കറുത്ത അംബാസഡര്‍ കാര്‍ പാഞ്ഞുവന്നു. അതില്‍ നിന്നും അശ്വാരൂഢരായ നാലു‍ ചെറുപ്പക്കാര്‍ പഞ്ചപാണ്ഡവന്‍മാരെപ്പോലെ ചാടിയിറങ്ങി.] (5) [അവര്‍ നോക്കിയപ്പോള്‍ എങ്ങും അന്ധകാരം! അന്ധകാരത്തില്‍ ചവിട്ടാതെ കവച്ചുവെച്ചുകൊണ്ടവര്‍ നടന്നു. ] (1) [പെട്ടെന്നൊരു വെടി പൊട്ടി. ഠേ! ഠേ! ഠേ! കട്ടപിടിച്ച രക്തം ചീറിയൊഴുകുന്നു..] (2) വളവുതിരിഞ്ഞെന്റെ നേരേ വന്ന രണ്ടാമത്തെ വെടിയുണ്ട കൈകൊണ്ടു പിടിച്ചമര്‍ത്തി പിഴിഞ്ഞു. കൈയില്‍ പറ്റിയ പൊടി കഴുകാനായി അടുത്തുള്ള അരുവിയിലേയ്‍ക്കു നടന്നു. [ഞാന്‍ നോക്കിനില്‍ക്കേ ആ അരുവിയില്‍ നിന്നും ഒരു വനദേവത ഉയര്‍ന്നു വന്നു! അവളുടെ വെളുവെളുത്ത പല്ലുകളില്‍ തട്ടിവന്ന സൂര്യരശ്മികള്‍ എന്നെ അന്ധനാക്കി..] (2)

****

[പ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉച്ചയായപ്പോള്‍ എഴുന്നേറ്റത്.] (2) [കണ്ണു തുറന്നുനോക്കിയപ്പോള്‍.. അവള്‍ (ആര്, നമ്മുടെ വനദേവത) സ്വയം ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.] (1) ഓമനേ.. അതൊരലര്‍ച്ചയായിരുന്നു.
അകലെയപ്പോള്‍ ഒരു രാപ്പാടി വാലുപൊക്കി കാഷ്ഠിക്കുകയായിരുന്നു…

This blog is in Malayalam language. Any reading problems? Check here.

ഓണത്തുമ്പികള്‍

Posted by on 06 Nov 2005

കേരളത്തിലെ പക്ഷികളുടെ നല്ല പടങ്ങള്‍ ഇനി എന്റെ കൈയ്യില്‍ ഇല്ല. ഇനിയും എടുക്കണമെങ്കില്‍ ഒന്നര വര്‍ഷം കഴിഞ്ഞ് വീട്ടില്‍ പോകുന്പോള്‍ വേണം. അതിനാല്‍ കേരളത്തിന്റെ തനിമയും മണവുമൊക്കെ ചുരത്തുന്ന മറ്റു ചില ചിത്രങ്ങളാകാം, എന്തെ?

ഇതാണ് ഓണത്തുന്പി. ഓണക്കാലത്ത് (സെപ്തംബര്‍ – ഡിസംബര്‍) ആണ് ഇവയെ പ്രധാനമായി കണ്ടുവരുന്നത്. ചിലപ്പോഴൊക്കെ ഇവ കൂട്ടമായി ഉയര്‍ന്നുപറന്ന് കാറ്റുകൊണ്ട് നില്‍ക്കുന്നത് കാണാം, അവസാനത്തെ ചിത്രത്തില്‍ കാണുന്നതു പോലെ. വളരെ മനോഹരമാണ് ഇവയെ കാണാന്‍. ആണ്‍തുന്പിയുടെയും പെണ്‍തുന്പിയുടെയും ചിറകുകള്‍ വ്യത്യസ്തമാണ്. പെണ്‍തുന്പിയുടെ ചിറകില്‍ കറുപ്പു നിറം കൂടുതലും ആണ്‍തുന്പിക്ക് കറുപ്പു നിറം കുറവുമാണ്.

ആണ്‍തുമ്പി | Rhyothemis variegata variegata male| 

Onathumbi. Rhyothemis variegata variegata. male.

പെണ്‍തുമ്പി | Rhyothemis variegata variegata female|

Rhyothemis variegata variegata. female

ഓണത്തുമ്പികള്‍ ഉയരത്തില്‍ വട്ടമിട്ടു പറക്കുന്നു.

onathumbi

ഇവിടെ കാണിക്കുന്ന ചിത്രങ്ങളെല്ലാം എന്റെ വീട്ടുവളപ്പില്‍ നിന്നും എടുത്തിട്ടുള്ളവയാണ്. ഒന്നു സൂക്ഷിച്ചുനോക്കൂ, നിങ്ങളുടെ പറന്പിലും ഇവയെയൊക്കെ കാണാം. പ്രകൃതിയെ കൂടുതല്‍ അറിയുന്പോള്‍ കൂടുതല്‍ സ്നേഹം തോന്നും. അറിയാതിരുന്നാലോ, അതു സ്വയം അറിയാതിരിക്കുന്നതിനു തുല്യമാണ്. അടുത്തിടപെഴുകുന്പോളുള്ള സുഖം വേറേയൊന്നില്‍ നിന്നും കിട്ടില്ല. ഞാനും പ്രകൃതിയും ഉണ്‍മയും എല്ലാം ഒന്നുതന്നെ എന്ന സത്യത്തിലേയ്‍ക്ക് അതു‍ നിങ്ങളെ എത്തിക്കും.

കേരളത്തിലെ പക്ഷികള്‍

Posted by on 04 Nov 2005

കഴിഞ്ഞ മാസം കേരളത്തില്‍ പോയപ്പോള്‍ സമാഹരിച്ച ഏതാനും ചില പക്ഷികളെയാണ് ഞാനിവിടെ പരാമര്‍ശിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്കറിയാവുന്ന നാട്ടറിവുകളും പേരുകളും പറയുക, നമുക്ക് സമാഹരിക്കാം. കുറെ പക്ഷിസ്നേഹികളെ നമ്മുടെ നാടിന് ആവശ്യമാണ്. ഓലേഞ്ഞാലിയും മരംകൊത്തിയും ഉപ്പനും എല്ലാം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. അതിനും പുറമെ ഇതാ ഈയിടെ പക്ഷിപ്പനി എന്ന വാര്‍ത്തകളും വന്നതോടെ കാണുന്ന പക്ഷികളെയെല്ലാമങ്ങ് ഒരു വകതിരിവുമില്ലാതെ, ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു..

ഓലേഞ്ഞാലി / ഓലഞ്ഞാലി| Rufous Treepie | Dendrocitta vagabunda |

indian treepie / olenjali

എന്റെ ഒരു പ്രിയപ്പെട്ട പക്ഷിയില്‍ തന്നെ തുടങ്ങാം-. ഓലേല്‍ ഞാന്നുകിടന്ന് കസര്‍ത്ത് കാണിച്ച് കീടങ്ങളേയും മറ്റും തിന്നുന്നതു കൊണ്ടാണ് ഇതിന് ഓലേഞ്ഞാലി എന്ന പേര് വന്നത്. കാക്കയുടെ കുടുംബം (ഫാമിലി) ആണ് (പക്ഷെ കാക്കയല്ല). മിശ്രഭുക്ക്. പുഴുക്കളും പഴങ്ങളും ഒക്കെ പ്രധാനാഹാരം. മുട്ടകള്‍ മോഷ്‍ട്ടിക്കുക, പല്ലി മുതലായവ അകത്താക്കുക തുടങ്ങിയ വിനോദങ്ങളുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഇവന്‍ സാധാരണമാണ്. ഇവന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. കുറെ ചുള്ളിക്കന്പുകള്‍ കൂട്ടിയ പക്ഷിക്കൂട്ടില്‍ ൩-൫ (മൂന്ന്-അഞ്ച്) മുട്ടകള്‍ കാണാം.

മൈന / മാടത്ത | Indian Mynah | Acridotheres tristis |

indian mynah

ക്ളാ ക്ലീ ക്ലൂ.. മുറ്റത്തൊരു മൈന, രമേശ് തിരിഞ്ഞു നോക്കി..
സദാ കലപില കൂടുന്ന, ചാടിച്ചാടി നടക്കുന്ന, ഈ വര്‍ഗത്തെ നല്ലപോലെ അറിയാമായിരിക്കുമല്ലോ. മിശ്രഭുക്കാണ് മൈന. തെക്കുകിഴക്കന്‍ ഏഷ്യയിലെങ്ങും ഇവന്‍ സാധാരണമാണ്. മരപ്പൊത്തുകളില്‍ ഇത് ചുള്ളിക്കന്പും മറ്റ് ചവറുകളും കൊണ്ട് കൂടുണ്ടാക്കുന്നു. ൪ (നാല്) മുതല്‍ ൬ (ആറ്) വരെ മുട്ടകള്‍ ഉണ്ടാകാം. മുട്ടയുടെ തോടിനൊരു നീലഛായയുണ്ടെന്നാണ് എന്റെയോര്‍മ്മ.

ചിന്ന കുട്ടുറുവന്‍ / പച്ചിലക്കുടുക്ക | White cheeked Barbet | Megalaima viridis |

small green barbet / kutturuvan / pachila kudukka

നാട്ടിന്‍പുറങ്ങളില്‍ സാധാരണവും എന്നാല്‍ മനുഷ്യരുടെ നിഴല്‍ കണ്ടാല്‍ ശീഘ്രം സ്ഥലം വിടുന്നതുമായ ഒരിനം. കാതു‍ കൂര്‍പ്പിച്ചു നോക്കൂ, കുട്ടുറു-കുട്ടുറു എന്ന സ്വരം കേക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നമ്മുടെ കുട്ടുറുവനാണ്. നല്ല പച്ചനിറമുള്ളതുകൊണ്ട് പച്ചിലക്കുടുക്ക എന്ന പേരുമുണ്ട്. നിങ്ങളുടെ പറന്പില്‍ പേര, കപ്പളം തുടങ്ങിയവ ഉണ്ടെങ്കില്‍ ഇവന്‍ ഒരു നിത്യ സന്ദര്‍ശകനായിരിക്കും. ഇവ മരം വിട്ട് നിലത്തിറങ്ങാറില്ല, നിലത്തിറങ്ങാനും നടക്കാനും പറ്റിയതല്ല ഇവയുടെ കാല്‍വിരലുകളുടെ ഘടന. പഴയതും ദ്രവിച്ചതുമായ മരങ്ങളില്‍ പൊത്തു‍ തുരന്നാണ് ഇവ കൂടുണ്ടാക്കുക. തുരന്നെടുത്ത ചീളുകള്‍ പറന്നു‍ ദൂരെ കൊണ്ടുപോയി കളയും, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാന്‍. ഉണ്ടാക്കുന്ന പൊത്തിനുമുണ്ട് പ്രത്യേകത (ഒരു പൊത്ത് കണ്ടു പടിച്ചപ്പോള്‍ മനസ്സിലായത്). പൊത്തിനകത്ത് അടിവശം കോണാകൃതിയിലാണ്, പക്ഷിക്കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യം അകത്തു തന്നെ അവയെ മലിനമാക്കാതെ കിടക്കുന്നു. തള്ളപ്പക്ഷിയും തന്തപ്പക്ഷിയും മുട്ടകളെയും കുഞ്ഞുങ്ങളെയും നോക്കുന്നതില്‍ തുല്യ പങ്കാളിത്തം വഹിക്കുന്നു. ഒരു പൊത്തില്‍ കുഞ്ഞുങ്ങള്‍ ൩-൪ (മൂന്നാല്) എണ്ണം കാണും.

കുയില്‍| Indian Koel | Eudynamys scolopacea |

നമ്മുടെ ഭാഷയില്‍, സംഗീതത്തില്‍, ഒക്കെ എറ്റവും അധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണിത്.
കുയില്‍നാദം എന്നൊക്കെ പറഞ്ഞ് നമ്മള്‍ പുകഴ്‍ത്തുമെങ്കിലും മറ്റ് പക്ഷിവര്‍ഗങ്ങള്‍ക്ക് ഇവനൊരു സൂത്രശാലിയും ശല്യക്കാരനുമാണ്. അനുഭവം എനിക്കുമുണ്ട്. പണ്ട് മുറ്റത്തെ മുസാണ്ടയിലൊരു ബുള്‍ബുള്‍ കൂടു വെച്ചു. ബുള്‍ബുളിനെപ്പോലെ ഞാനും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറക്കമുറ്റാന്‍ കാത്തിരുന്നു. കുഞ്ഞുങ്ങളുണ്ടായി രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്‍ക്കും ഒരു പെണ്‍കുയില്‍ വന്നവയെ കൊണ്ടുപോയി. പക്ഷെ അതാണ് ജന്തുലോകം..

ആണ്‍കുയിലിനേയും പെണ്‍കുയിലിനേയും തിരിച്ചരിയുന്നതെങ്ങനെ?

ആണ്‍കുയില്‍ 

ആണ്‍കുയില്‍ പച്ചക്കറുപ്പാണ്. ചുവന്ന കണ്ണുകളും കുറുകിയ ശരീരവും കാണുന്പോള്‍ കാക്കയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്.

indian koel male

പെണ്‍കുയില്‍  

പെണ്‍കുയില്‍ എറെ വ്യത്യസ്തയാണ്. നിറയെ പുള്ളികളുള്ളതുകൊണ്ട് പുള്ളിക്കുയിലെന്നും വിളിക്കുന്നു. മേല്‍ഭാഗത്ത് തവിട്ടു‍ നിറവും അടിഭാഗത്ത് കുറച്ച് വെളുപ്പുമുണ്ട്, അതിലെല്ലാം പുള്ളികളും വരകളും. കണ്ണുകള്‍ ചുവന്നത് തന്നെ.

indian koel female

പ്രാണികളും മുട്ടകളും പുഴുക്കളും ചെറിയ ഇഴജന്തുക്കളുമാണ് ആഹാരം. ഇവയുടെ മുട്ടയിടീല്‍ കുപ്രസിദ്ധമാണല്ലോ. ’ഒരു’ മുട്ടയിടും, കാക്കയുടെയൊ തേന്‍കുരുവികളുടെയൊ കൂട്ടില്‍. കാക്കയുടെ കൂട്ടില്‍ വളര്‍ന്നുവരുന്ന കുയില്‍ക്കുഞ്ഞ് ആദ്യമൊക്കെ കാക്കയുടെ ശബ്ദമായിരിക്കും പുറപ്പെടുവിക്കുന്നത്. ജനിക്കുന്പൊഴെ സൂത്രശാലികള്‍.

മരംകൊത്തി | Black-rumped Flameback | Dinopium benghalense |

lesser golden backed woodpecker / male Black-rumped Flameback

ഇതിന്റെ പൂര്‍ണനാമം (മലയാളത്തിലുള്ളത്) ഞാന്‍ മറന്നുപോയി. നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. മുതുകിലെ സ്വ‍ണ്ണനിറം ഇവയെ മനോഹരമാക്കുന്നു. വളര്‍ന്ന ആണ്‍പക്ഷിക്ക് ഈ ചിത്രത്തില്‍ കാണുന്നതുപോലെ തലയില്‍ ചുവന്ന കിരീടമുണ്ടായിരിക്കും. പെണ്‍പക്ഷിക്ക് കിരീടത്തിന്റെ മുന്‍വശം ഇരുണ്ടതും പിന്‍വശം ചുവന്നതുമാണ്. നീണ്ട നാക്ക് ചെറിയ സുഷിരങ്ങളിലേയ്‍ക്കിട്ട് പ്രാണികളെ പിടിക്കാന്‍ മിടുക്കരാണ്. മരപ്പൊത്തുകളില്‍ ൩-൪ (മൂന്നാല്) മുട്ടയിടുന്നു.

കുറിപ്പുകള്‍:

൧. പക്ഷിസ്നേഹികള്‍ക്ക് കേരളബേര്‍ഡര്‍ എന്ന യാഹൂഗ്രൂപ്പ് സജീവമാണ്. നിങ്ങളൊരു കോട്ടയം-കാരനാണെങ്കില്‍ പക്ഷിനിരീക്ഷണത്തിന് മറ്റ് മാര്‍ഗങ്ങളും ഞാന്‍ നിര്‍ദേശിക്കാം.

൨. എസ്. ചന്ദ്രശേഖരന്‍ നായരുടെ ബ്ളോഗു കണ്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ മലയാളത്തിലും എഴുതിവിടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് മനസ്സിലായി.

൩. ഇപ്രാവശ്യം സമയപരിധി മൂലം ഇത്രയും പക്ഷികളെ മാത്രമെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചുള്ളു. ഇനി അടുത്ത പ്രാവശ്യം പോകട്ടെ.

൪. ക്യാമറ: ഒളിന്പസ് + സൂം ലെന്‍സ്.

ഈയിടെ എടുത്ത മറ്റ് പ്രകൃതിചിത്രങ്ങള്‍.

നുറുങ്ങ്:
ഇതും ഒരുതരത്തില്‍ ചന്ദ്രശേഖരന്റെയും സു-ന്റെയുമൊക്കെപ്പോലെ ഒരു പപ്പായക്കഥ ആണ്. വീട്ടിലെ പറന്പില്‍ പഴുത്തു നിന്ന പപ്പായ പറിക്കരുതെന്ന് വീട്ടുകാരോട് ശട്ടം കെട്ടി. എന്നിട്ട് കുളിമുറിയില്‍ ഒളിച്ചിരുന്ന് ക്യാമറയില്‍ പക്ഷികളെ ഒപ്പിയെടുത്തു. അപ്പന് പപ്പായ തിന്നാന്‍ കിട്ടിയില്ലാ എന്ന പരാതി, അമ്മയ്‍ക്ക് പപ്പായ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയില്ലാ എന്ന പരാതി, ജോലിക്കു വരുന്ന പണിക്കര്‍ക്ക് പപ്പായ തോരന്‍ കിട്ടിയില്ലാ എന്നും പരാതി..