കഴിഞ്ഞദിവസം ഇവിടെ സപ്പോറോ ഇന്ത്യന്‍-മഹാസമ്മേളനം (പത്തു-പതിമൂന്നു പേരേ ഉള്ളൂ, ഒരു പാര്‍ട്ടി) നടക്കുന്പോഴാണ്.

നോര്‍ത്തിന്ത്യാക്കാരിയായ ആരതിചേച്ചി ഒക്കത്ത് കുഞ്ഞിനേയും വെച്ചോണ്ട് അടുത്തു വന്ന് എന്നെ ചൂണ്ടിക്കാണിച്ച് “കാക്ക കാക്ക!” എന്ന്!! ഞാന്‍ ഒരു നിമിഷം ബ്ളിങ്കിപ്പോയി!

നാട്ടില്‍ കൊച്ചുപിള്ളേരെ രസിപ്പിക്കാന്‍ കാക്കയെ കാണിച്ച് കാക്ക കാക്ക എന്നു പറയുന്നത് കണ്ടിട്ടുണ്ട്.. ഇനി.. എന്നെ കണ്ടിട്ട് അത് പോലെയിരിക്കുന്നതു കൊണ്ടാണോ?? അതോ പാറ ചിരട്ടയിലൊരച്ചപോലുള്ള എന്റെ സ്വരം കേട്ടിട്ടാണോ? ഏതായാലും കൊച്ചല്ലേ അതിന്റെ കരച്ചിലു മാറ്റാമെന്നു വിചാരിച്ച് ക്രാ..ക്രാ.. എന്നു എന്നു‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതാണ് (ക്രാ..ക്രാ.. കേട്ട് കരച്ചിലിന്റെ വോള്യം കൂടുമോ എന്ന ഭയം മറ്റൊരു വശത്ത്). പെട്ടെന്നാണ് സ്ഥലകാലബോധം വന്നതും ഇതു മലയാളമല്ല നോര്‍ത്തിന്ത്യയിലെ മറ്റേതോ ഭാഷയാണെന്നും. അറിയാവുന്ന ഹിന്ദിയില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു, “യെ കാക്ക കാക്ക ക്യാ ഹെ? കാക്ക കാക്ക?”

ആരതിചേച്ചി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.. ഹിന്ദിയില്‍ കാക്ക എന്നു പറഞ്ഞാല്‍ ‘അങ്കിള്‍’ ആണുപോലും! പാവം ഞാന്‍! ക്രാ..ക്രാ..