Posts Tagged 'malayalam article'

മോനേ ദേ, കാക്ക കാക്ക

Posted by on 29 Nov 2005 | Category: മലയാളം

കഴിഞ്ഞദിവസം ഇവിടെ സപ്പോറോ ഇന്ത്യന്‍-മഹാസമ്മേളനം (പത്തു-പതിമൂന്നു പേരേ ഉള്ളൂ, ഒരു പാര്‍ട്ടി) നടക്കുന്പോഴാണ്.

നോര്‍ത്തിന്ത്യാക്കാരിയായ ആരതിചേച്ചി ഒക്കത്ത് കുഞ്ഞിനേയും വെച്ചോണ്ട് അടുത്തു വന്ന് എന്നെ ചൂണ്ടിക്കാണിച്ച് “കാക്ക കാക്ക!” എന്ന്!! ഞാന്‍ ഒരു നിമിഷം ബ്ളിങ്കിപ്പോയി!

നാട്ടില്‍ കൊച്ചുപിള്ളേരെ രസിപ്പിക്കാന്‍ കാക്കയെ കാണിച്ച് കാക്ക കാക്ക എന്നു പറയുന്നത് കണ്ടിട്ടുണ്ട്.. ഇനി.. എന്നെ കണ്ടിട്ട് അത് പോലെയിരിക്കുന്നതു കൊണ്ടാണോ?? അതോ പാറ ചിരട്ടയിലൊരച്ചപോലുള്ള എന്റെ സ്വരം കേട്ടിട്ടാണോ? ഏതായാലും കൊച്ചല്ലേ അതിന്റെ കരച്ചിലു മാറ്റാമെന്നു വിചാരിച്ച് ക്രാ..ക്രാ.. എന്നു എന്നു‍ ഒച്ചയുണ്ടാക്കാന്‍ തുടങ്ങിയതാണ് (ക്രാ..ക്രാ.. കേട്ട് കരച്ചിലിന്റെ വോള്യം കൂടുമോ എന്ന ഭയം മറ്റൊരു വശത്ത്). പെട്ടെന്നാണ് സ്ഥലകാലബോധം വന്നതും ഇതു മലയാളമല്ല നോര്‍ത്തിന്ത്യയിലെ മറ്റേതോ ഭാഷയാണെന്നും. അറിയാവുന്ന ഹിന്ദിയില്‍ ധൈര്യം സംഭരിച്ചു ചോദിച്ചു, “യെ കാക്ക കാക്ക ക്യാ ഹെ? കാക്ക കാക്ക?”

ആരതിചേച്ചി പറഞ്ഞപ്പോഴാണ് ഗുട്ടന്‍സ് പിടികിട്ടിയത്.. ഹിന്ദിയില്‍ കാക്ക എന്നു പറഞ്ഞാല്‍ ‘അങ്കിള്‍’ ആണുപോലും! പാവം ഞാന്‍! ക്രാ..ക്രാ..

അര്‍ദ്ധരാത്രി പതിനൊന്നു മണി

Posted by on 11 Nov 2005 | Category: മലയാളം

പണ്ട് പള്ളിക്കൂടത്തില്‍ പോയിരുന്നപ്പോള്‍ കൂട്ടുകാരുമൊത്തുണ്ടാക്കിയ ഓരോ തമാശകള്‍. ഓരോ കൂട്ടത്തിലുമുള്ള അസംബന്ധങ്ങളുടെ എണ്ണം കൊടുത്തിട്ടുണ്ട്.

[ഒരു കറുത്തവാവു‍ ദിവസം. അര്‍ദ്ധരാത്രി പതിനൊന്നു മണി. ചന്ദ്രന്‍ കുതിച്ചുയരുന്നു.] (2) [എവിടെത്തിരിഞ്ഞു നോക്കിയാലും കാട്ടാനകളുടെ അലര്‍ച്ചയും സിംഹങ്ങളുടെ ഗര്‍ജ്ജനവും കേള്‍ക്കാം.] (2) [അങ്ങനെ എങ്ങും നിശ്ശബ്ദമായിരിക്കുന്ന സമയം!..] (1) [ആ പെരുമഴയത്ത് പൊടി പറത്തിക്കൊണ്ട് വെളുത്ത പെയിന്റടിച്ച ഒരു കറുത്ത അംബാസഡര്‍ കാര്‍ പാഞ്ഞുവന്നു. അതില്‍ നിന്നും അശ്വാരൂഢരായ നാലു‍ ചെറുപ്പക്കാര്‍ പഞ്ചപാണ്ഡവന്‍മാരെപ്പോലെ ചാടിയിറങ്ങി.] (5) [അവര്‍ നോക്കിയപ്പോള്‍ എങ്ങും അന്ധകാരം! അന്ധകാരത്തില്‍ ചവിട്ടാതെ കവച്ചുവെച്ചുകൊണ്ടവര്‍ നടന്നു. ] (1) [പെട്ടെന്നൊരു വെടി പൊട്ടി. ഠേ! ഠേ! ഠേ! കട്ടപിടിച്ച രക്തം ചീറിയൊഴുകുന്നു..] (2) വളവുതിരിഞ്ഞെന്റെ നേരേ വന്ന രണ്ടാമത്തെ വെടിയുണ്ട കൈകൊണ്ടു പിടിച്ചമര്‍ത്തി പിഴിഞ്ഞു. കൈയില്‍ പറ്റിയ പൊടി കഴുകാനായി അടുത്തുള്ള അരുവിയിലേയ്‍ക്കു നടന്നു. [ഞാന്‍ നോക്കിനില്‍ക്കേ ആ അരുവിയില്‍ നിന്നും ഒരു വനദേവത ഉയര്‍ന്നു വന്നു! അവളുടെ വെളുവെളുത്ത പല്ലുകളില്‍ തട്ടിവന്ന സൂര്യരശ്മികള്‍ എന്നെ അന്ധനാക്കി..] (2)

****

[പ്രഭാതം പൊട്ടിവിടരുന്ന ശബ്ദം കേട്ടാണ് അടുത്ത ദിവസം ഉച്ചയായപ്പോള്‍ എഴുന്നേറ്റത്.] (2) [കണ്ണു തുറന്നുനോക്കിയപ്പോള്‍.. അവള്‍ (ആര്, നമ്മുടെ വനദേവത) സ്വയം ആത്മഹത്യ ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.] (1) ഓമനേ.. അതൊരലര്‍ച്ചയായിരുന്നു.
അകലെയപ്പോള്‍ ഒരു രാപ്പാടി വാലുപൊക്കി കാഷ്ഠിക്കുകയായിരുന്നു…

This blog is in Malayalam language. Any reading problems? Check here.