കഴിഞ്ഞ മാസം കേരളത്തില്‍ പോയപ്പോള്‍ സമാഹരിച്ച ഏതാനും ചില പക്ഷികളെയാണ് ഞാനിവിടെ പരാമര്‍ശിക്കാന്‍ പോകുന്നത്. നിങ്ങള്‍ക്കറിയാവുന്ന നാട്ടറിവുകളും പേരുകളും പറയുക, നമുക്ക് സമാഹരിക്കാം. കുറെ പക്ഷിസ്നേഹികളെ നമ്മുടെ നാടിന് ആവശ്യമാണ്. ഓലേഞ്ഞാലിയും മരംകൊത്തിയും ഉപ്പനും എല്ലാം ഇന്നു നമുക്ക് അന്യമായിക്കൊണ്ടിരിക്കുകയാണ്. അതിനും പുറമെ ഇതാ ഈയിടെ പക്ഷിപ്പനി എന്ന വാര്‍ത്തകളും വന്നതോടെ കാണുന്ന പക്ഷികളെയെല്ലാമങ്ങ് ഒരു വകതിരിവുമില്ലാതെ, ദാക്ഷിണ്യമില്ലാതെ കൊന്നൊടുക്കാന്‍ തുടങ്ങിയിരിക്കുന്നു..

ഓലേഞ്ഞാലി / ഓലഞ്ഞാലി| Rufous Treepie | Dendrocitta vagabunda |

indian treepie / olenjali

എന്റെ ഒരു പ്രിയപ്പെട്ട പക്ഷിയില്‍ തന്നെ തുടങ്ങാം-. ഓലേല്‍ ഞാന്നുകിടന്ന് കസര്‍ത്ത് കാണിച്ച് കീടങ്ങളേയും മറ്റും തിന്നുന്നതു കൊണ്ടാണ് ഇതിന് ഓലേഞ്ഞാലി എന്ന പേര് വന്നത്. കാക്കയുടെ കുടുംബം (ഫാമിലി) ആണ് (പക്ഷെ കാക്കയല്ല). മിശ്രഭുക്ക്. പുഴുക്കളും പഴങ്ങളും ഒക്കെ പ്രധാനാഹാരം. മുട്ടകള്‍ മോഷ്‍ട്ടിക്കുക, പല്ലി മുതലായവ അകത്താക്കുക തുടങ്ങിയ വിനോദങ്ങളുമുണ്ട്. നാട്ടിന്‍പുറങ്ങളില്‍ ഇവന്‍ സാധാരണമാണ്. ഇവന്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. കുറെ ചുള്ളിക്കന്പുകള്‍ കൂട്ടിയ പക്ഷിക്കൂട്ടില്‍ ൩-൫ (മൂന്ന്-അഞ്ച്) മുട്ടകള്‍ കാണാം.

മൈന / മാടത്ത | Indian Mynah | Acridotheres tristis |

indian mynah

ക്ളാ ക്ലീ ക്ലൂ.. മുറ്റത്തൊരു മൈന, രമേശ് തിരിഞ്ഞു നോക്കി..
സദാ കലപില കൂടുന്ന, ചാടിച്ചാടി നടക്കുന്ന, ഈ വര്‍ഗത്തെ നല്ലപോലെ അറിയാമായിരിക്കുമല്ലോ. മിശ്രഭുക്കാണ് മൈന. തെക്കുകിഴക്കന്‍ ഏഷ്യയിലെങ്ങും ഇവന്‍ സാധാരണമാണ്. മരപ്പൊത്തുകളില്‍ ഇത് ചുള്ളിക്കന്പും മറ്റ് ചവറുകളും കൊണ്ട് കൂടുണ്ടാക്കുന്നു. ൪ (നാല്) മുതല്‍ ൬ (ആറ്) വരെ മുട്ടകള്‍ ഉണ്ടാകാം. മുട്ടയുടെ തോടിനൊരു നീലഛായയുണ്ടെന്നാണ് എന്റെയോര്‍മ്മ.

ചിന്ന കുട്ടുറുവന്‍ / പച്ചിലക്കുടുക്ക | White cheeked Barbet | Megalaima viridis |

small green barbet / kutturuvan / pachila kudukka

നാട്ടിന്‍പുറങ്ങളില്‍ സാധാരണവും എന്നാല്‍ മനുഷ്യരുടെ നിഴല്‍ കണ്ടാല്‍ ശീഘ്രം സ്ഥലം വിടുന്നതുമായ ഒരിനം. കാതു‍ കൂര്‍പ്പിച്ചു നോക്കൂ, കുട്ടുറു-കുട്ടുറു എന്ന സ്വരം കേക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അത് നമ്മുടെ കുട്ടുറുവനാണ്. നല്ല പച്ചനിറമുള്ളതുകൊണ്ട് പച്ചിലക്കുടുക്ക എന്ന പേരുമുണ്ട്. നിങ്ങളുടെ പറന്പില്‍ പേര, കപ്പളം തുടങ്ങിയവ ഉണ്ടെങ്കില്‍ ഇവന്‍ ഒരു നിത്യ സന്ദര്‍ശകനായിരിക്കും. ഇവ മരം വിട്ട് നിലത്തിറങ്ങാറില്ല, നിലത്തിറങ്ങാനും നടക്കാനും പറ്റിയതല്ല ഇവയുടെ കാല്‍വിരലുകളുടെ ഘടന. പഴയതും ദ്രവിച്ചതുമായ മരങ്ങളില്‍ പൊത്തു‍ തുരന്നാണ് ഇവ കൂടുണ്ടാക്കുക. തുരന്നെടുത്ത ചീളുകള്‍ പറന്നു‍ ദൂരെ കൊണ്ടുപോയി കളയും, ആരുടെയും ശ്രദ്ധ ആകര്‍ഷിക്കാതിരിക്കാന്‍. ഉണ്ടാക്കുന്ന പൊത്തിനുമുണ്ട് പ്രത്യേകത (ഒരു പൊത്ത് കണ്ടു പടിച്ചപ്പോള്‍ മനസ്സിലായത്). പൊത്തിനകത്ത് അടിവശം കോണാകൃതിയിലാണ്, പക്ഷിക്കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യം അകത്തു തന്നെ അവയെ മലിനമാക്കാതെ കിടക്കുന്നു. തള്ളപ്പക്ഷിയും തന്തപ്പക്ഷിയും മുട്ടകളെയും കുഞ്ഞുങ്ങളെയും നോക്കുന്നതില്‍ തുല്യ പങ്കാളിത്തം വഹിക്കുന്നു. ഒരു പൊത്തില്‍ കുഞ്ഞുങ്ങള്‍ ൩-൪ (മൂന്നാല്) എണ്ണം കാണും.

കുയില്‍| Indian Koel | Eudynamys scolopacea |

നമ്മുടെ ഭാഷയില്‍, സംഗീതത്തില്‍, ഒക്കെ എറ്റവും അധികം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു പക്ഷിയാണിത്.
കുയില്‍നാദം എന്നൊക്കെ പറഞ്ഞ് നമ്മള്‍ പുകഴ്‍ത്തുമെങ്കിലും മറ്റ് പക്ഷിവര്‍ഗങ്ങള്‍ക്ക് ഇവനൊരു സൂത്രശാലിയും ശല്യക്കാരനുമാണ്. അനുഭവം എനിക്കുമുണ്ട്. പണ്ട് മുറ്റത്തെ മുസാണ്ടയിലൊരു ബുള്‍ബുള്‍ കൂടു വെച്ചു. ബുള്‍ബുളിനെപ്പോലെ ഞാനും മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ പറക്കമുറ്റാന്‍ കാത്തിരുന്നു. കുഞ്ഞുങ്ങളുണ്ടായി രണ്ട് ദിവസം കഴിഞ്ഞപ്പോഴേയ്‍ക്കും ഒരു പെണ്‍കുയില്‍ വന്നവയെ കൊണ്ടുപോയി. പക്ഷെ അതാണ് ജന്തുലോകം..

ആണ്‍കുയിലിനേയും പെണ്‍കുയിലിനേയും തിരിച്ചരിയുന്നതെങ്ങനെ?

ആണ്‍കുയില്‍ 

ആണ്‍കുയില്‍ പച്ചക്കറുപ്പാണ്. ചുവന്ന കണ്ണുകളും കുറുകിയ ശരീരവും കാണുന്പോള്‍ കാക്കയില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ എളുപ്പമാണ്.

indian koel male

പെണ്‍കുയില്‍  

പെണ്‍കുയില്‍ എറെ വ്യത്യസ്തയാണ്. നിറയെ പുള്ളികളുള്ളതുകൊണ്ട് പുള്ളിക്കുയിലെന്നും വിളിക്കുന്നു. മേല്‍ഭാഗത്ത് തവിട്ടു‍ നിറവും അടിഭാഗത്ത് കുറച്ച് വെളുപ്പുമുണ്ട്, അതിലെല്ലാം പുള്ളികളും വരകളും. കണ്ണുകള്‍ ചുവന്നത് തന്നെ.

indian koel female

പ്രാണികളും മുട്ടകളും പുഴുക്കളും ചെറിയ ഇഴജന്തുക്കളുമാണ് ആഹാരം. ഇവയുടെ മുട്ടയിടീല്‍ കുപ്രസിദ്ധമാണല്ലോ. ’ഒരു’ മുട്ടയിടും, കാക്കയുടെയൊ തേന്‍കുരുവികളുടെയൊ കൂട്ടില്‍. കാക്കയുടെ കൂട്ടില്‍ വളര്‍ന്നുവരുന്ന കുയില്‍ക്കുഞ്ഞ് ആദ്യമൊക്കെ കാക്കയുടെ ശബ്ദമായിരിക്കും പുറപ്പെടുവിക്കുന്നത്. ജനിക്കുന്പൊഴെ സൂത്രശാലികള്‍.

മരംകൊത്തി | Black-rumped Flameback | Dinopium benghalense |

lesser golden backed woodpecker / male Black-rumped Flameback

ഇതിന്റെ പൂര്‍ണനാമം (മലയാളത്തിലുള്ളത്) ഞാന്‍ മറന്നുപോയി. നമ്മുടെ നാട്ടില്‍ സാധാരണമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അങ്ങുമിങ്ങുമായി കാണപ്പെടുന്നു. മുതുകിലെ സ്വ‍ണ്ണനിറം ഇവയെ മനോഹരമാക്കുന്നു. വളര്‍ന്ന ആണ്‍പക്ഷിക്ക് ഈ ചിത്രത്തില്‍ കാണുന്നതുപോലെ തലയില്‍ ചുവന്ന കിരീടമുണ്ടായിരിക്കും. പെണ്‍പക്ഷിക്ക് കിരീടത്തിന്റെ മുന്‍വശം ഇരുണ്ടതും പിന്‍വശം ചുവന്നതുമാണ്. നീണ്ട നാക്ക് ചെറിയ സുഷിരങ്ങളിലേയ്‍ക്കിട്ട് പ്രാണികളെ പിടിക്കാന്‍ മിടുക്കരാണ്. മരപ്പൊത്തുകളില്‍ ൩-൪ (മൂന്നാല്) മുട്ടയിടുന്നു.

കുറിപ്പുകള്‍:

൧. പക്ഷിസ്നേഹികള്‍ക്ക് കേരളബേര്‍ഡര്‍ എന്ന യാഹൂഗ്രൂപ്പ് സജീവമാണ്. നിങ്ങളൊരു കോട്ടയം-കാരനാണെങ്കില്‍ പക്ഷിനിരീക്ഷണത്തിന് മറ്റ് മാര്‍ഗങ്ങളും ഞാന്‍ നിര്‍ദേശിക്കാം.

൨. എസ്. ചന്ദ്രശേഖരന്‍ നായരുടെ ബ്ളോഗു കണ്ടപ്പോള്‍ ഇത്തരം കാര്യങ്ങള്‍ മലയാളത്തിലും എഴുതിവിടുന്നത് ഉപകാരപ്രദമായിരിക്കുമെന്ന് മനസ്സിലായി.

൩. ഇപ്രാവശ്യം സമയപരിധി മൂലം ഇത്രയും പക്ഷികളെ മാത്രമെ ക്യാമറക്കണ്ണില്‍ ഒപ്പിയെടുക്കാന്‍ സാധിച്ചുള്ളു. ഇനി അടുത്ത പ്രാവശ്യം പോകട്ടെ.

൪. ക്യാമറ: ഒളിന്പസ് + സൂം ലെന്‍സ്.

ഈയിടെ എടുത്ത മറ്റ് പ്രകൃതിചിത്രങ്ങള്‍.

നുറുങ്ങ്:
ഇതും ഒരുതരത്തില്‍ ചന്ദ്രശേഖരന്റെയും സു-ന്റെയുമൊക്കെപ്പോലെ ഒരു പപ്പായക്കഥ ആണ്. വീട്ടിലെ പറന്പില്‍ പഴുത്തു നിന്ന പപ്പായ പറിക്കരുതെന്ന് വീട്ടുകാരോട് ശട്ടം കെട്ടി. എന്നിട്ട് കുളിമുറിയില്‍ ഒളിച്ചിരുന്ന് ക്യാമറയില്‍ പക്ഷികളെ ഒപ്പിയെടുത്തു. അപ്പന് പപ്പായ തിന്നാന്‍ കിട്ടിയില്ലാ എന്ന പരാതി, അമ്മയ്‍ക്ക് പപ്പായ മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍ കിട്ടിയില്ലാ എന്ന പരാതി, ജോലിക്കു വരുന്ന പണിക്കര്‍ക്ക് പപ്പായ തോരന്‍ കിട്ടിയില്ലാ എന്നും പരാതി..