ആറാം ക്ളാസിലെ കവിത. എന്താ? ചിരിക്കണ്ട. ആരും കട്ടോണ്ട് പോവാതെ കാത്തുസൂക്ഷിച്ചു വെച്ച സാധനമാണ്. അക്കാലത്ത് ബാലമംഗളത്തിലേയ്‍ക്ക് (സോറി, ഞാന്‍ ഡിങ്കന്റെ ആളാണ്. ബാലരമയും മായാവിയൊക്കെ അതു കഴിഞ്ഞേ ഉള്ളൂ) അയച്ചിരുന്നെങ്കില്‍ കുഞ്ഞിക്കവിതകള്‍ക്കിടയില്‍ പ്രസിദ്ധീകരിച്ചു വരേണ്ട സാധനമാ.. പണ്ട് കാനായില്‍ കര്‍ത്താവിനോട് കാനാക്കാരന്‍ എന്തിനാ ഈ പഴയ വീഞ്ഞ് (പഴയ വീഞ്ഞിന് സത്ത് കൂടും) എടുക്കാന്‍ ഇത്രയും താമസിച്ചേ എന്നു ചോദിച്ചപോലെ ചോദിച്ചാല്‍ കര്‍ത്താവ് പറഞ്ഞത് തന്നെയേ എനിക്കും പറയാനുള്ളൂ: പഴയതിന് ഒരിതുണ്ട്, ഏത്?

അന്നത്തെ പ്രയോഗങ്ങള്‍: ദ്വിതീയാക്ഷരപ്രാസം. പിന്നെ അവസാനത്തെ വരികളില്‍ അന്ത്യാക്ഷരപ്രാസവും.

വര്‍ഷം: ൧൯൯൦ (1990) ആദ്യത്തെ കവിതയാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല!

ഒട്ടക കുട്ടപ്പന്‍

ഒട്ടകത്തേല്‍ കയറിയൊരു കുട്ടപ്പന്‍
കുട്ടകം വാങ്ങുവാന്‍ ചന്തയ്‍ക്കുപോയി

ചന്തയില്‍ ചെന്നപ്പോള്‍ കുട്ടപ്പന്‍
പന്തുകളി കണ്ടു രസിച്ചുപോയി

കുട്ടകം വാങ്ങുവാന്‍ മറന്നുപോയി
ഒട്ടകത്തേല്‍ തിരിച്ചു വീട്ടിലെത്തി

വീട്ടില്‍ ചെന്നപ്പോള്‍ കുട്ടപ്പനിട്ട് ഭാര്യ
ചട്ടുകം കൊണ്ടൊരു തല്ലു കൊടുത്തു

ചന്തയിലേക്കു തിരിച്ചുവിട്ടു
ചന്തയില്‍ ചെന്നിട്ട് കുട്ടപ്പന്‍
കുട്ടകമായ് തിരിച്ചു വന്നു
ഇതുകണ്ട് ഭാര്യ ചിരിച്ചു നിന്നു