ചക്കച്ചുളയും കേരളപ്പിറവിയും

തമ്മില്‍ എന്തു ബന്ധം, അല്ലേ?
ഈ ഹൊക്കൈഡോ ദ്വീപില്‍ സപ്പോറൊ നഗരത്തില്‍ മലയാളികള്‍ ഒന്നോ രണ്ടോ എണ്ണം. അപ്പോള്‍ എനിക്ക് ആഘോഷിക്കാന്‍ കഴിഞ്ഞ മാസം വീട്ടില്‍ പോയപ്പൊള്‍ കൊണ്ടുവന്ന ഈ ചക്കച്ചുളകള്‍ വറുത്തത് മാത്രം. മമ്മി സ്നേഹത്തോടെ മഴക്കാലം തുടങ്ങുന്നതിനു മുന്പേ ഉണ്ടാക്കിയതാണ്. ജൂലൈ-ആഗസ്ത് ആകുന്പോളേയ്‍ക്കും ചക്കയുടെ കാലം കഴിയും.

വേറൊരു തമാശ. ഞാന്‍ വീട്ടിലായിരുന്നപ്പോള്‍ (പാലാ) എനിക്ക് ചക്ക വേവിച്ചതു തിന്നാനായി അമ്മാവന്‍ കുമളിയില്‍ നിന്നും എങ്ങനെയോ ചക്ക ഒപ്പിച്ച് ബസ് കേറ്റി വിടാന്‍ വേലക്കാരന്റെ കൈയ്യില്‍ കൊടുത്തുവിട്ടു. പുള്ളിക്കാരനത് വേറെയേതോ വണ്ടിയില്‍ കയറ്റിവിട്ടു. ചക്ക കാത്തിരുന്ന ഞങ്ങള്‍ അറിഞ്ഞത് മൂന്നാല് ദിവസം കഴിഞ്ഞ് ചക്ക പഴുത്ത് കുമിളിയില്‍ തിരിച്ചെത്തിയെന്ന്!

ചക്കച്ചുളകള്‍ തീരാറായി.. ഈ ഫോട്ടോയില്‍ കാണുന്നത് എപ്പഴേ തീര്‍ന്നു! ഇനി ഒന്നര വര്‍ഷം കാത്തിരിക്കണം, ചക്കയും ചക്കച്ചുളയും ഒക്കെ കാണാനും തിന്നാനും.. അപ്പഴേ എന്റെ ഗവേഷണം തീരുകയുള്ളു.

chakka chula

ഇനി കേരളത്തെക്കുറിച്ച് രണ്ടു വാക്കുകളാകാം..
ജോര്‍ജ് ഇമ്മട്ടിയുടെ “കുട്ടികളുടെ കേരളചരിത്രത്തില്‍” പറയുന്നതിങ്ങനെ..

കേരളം എന്ന പേര് എങ്ങനെ ഉണ്ടായി?
കേരം (തെങ്ങ്) ധാരാളം ഉള്ളതുകൊണ്ട് അതില്‍ നിന്നാണ് ’കേരളം’ എന്ന വാക്ക് ഉണ്ടായതെന്ന് ഒരഭിപ്രായമുണ്ട്. പക്ഷെ ’കേരം’ എന്നത് ’ചേരം’ എന്ന വാക്കിന്റെ കര്‍ണാടക ഉച്ചാരണമാണെന്നാണ് ഡോക്ടര്‍ ഗുണ്ടര്‍ട്ട് എന്ന ജര്‍മന്‍ പണ്ഡിതന്‍ പറയുന്നത്.
ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ഭൂപ്രദേശത്തിന് പണ്ടുണ്ടായിരുന്ന ’ചേരം’ എന്ന പേര് പിന്നീട് കേരളം എന്നായിമാറിയതാണെന്ന് പല പണ്ഡിതന്മാരും സമര്‍ഥിക്കുന്നു.
’ചേര്‍’ എന്ന പദത്തിന് ’കൂടിച്ചേര്‍ന്ന’ എന്നര്‍ഥവുമുണ്ട്. ’അളം’ എന്നാല്‍ സ്ഥലം എന്നാണര്‍ഥം. ’ചേരളം’ എന്നതിന് കൂടിച്ചേര്‍ന്ന ഭൂഭാഗം എന്ന് അര്‍ഥം കല്പിക്കാമല്ലോ. ചേരളം കാലക്രമേണ സംസ്ക്രതത്തിന്റെ സ്വാധീനത്താല് കേരളം എന്നായി മാറിയതാകാം.
കേരളം പണ്ട് ’മലബാര്‍’ എന്നും അറിയപ്പെട്ടിരുന്നു. ’മലകളുടെ നാട്’ എന്നാര്‍ഥമുള്ള മലനാട് എന്ന വാക്കിനെ അനുസ്മരിപ്പിക്കുന്നുണ്ട് മലബാര്‍.

പുസ്തകം ലഘുവും വായിച്ചിരിക്കാവുന്നാതുമാണ്. ഞാന്‍ പണ്ട് തീവണ്ടിയില്‍ സഞ്ചരിച്ചപ്പോള്‍ വെറും പത്ത് രൂപ കൊടുത്ത് വാങ്ങിയതാണ്. പേജുകള്‍ നൂറ്റിമുപ്പത്.

ചേര രാജാക്കന്മാര്‍ ഭരിച്ചിരുന്നതിനാലല്ലേ ’ചേരം’ എന്ന പേര് കിട്ടിയതും?

ചക്കച്ചുളകളുടെ ഓര്‍മ്മയ്‍ക്ക്, കേരളപ്പിറവിയ്‍ക്ക്..
റോക്സി

എങ്ങനെയുണ്ടായിരുന്നൂ നിങ്ങളുടെ കേരളപ്പിറവി??