കോഴിയുടെ പര്യായം
Posted by Roxy Mathew Koll on 17 Nov 2005 | Category: മലയാളം
എന്തെന്ന് ആദ്യം എനിക്കും അറിയില്ലായിരുന്നു. അതറിയാഞ്ഞത് അത്ര കുറവാണെന്നും തോന്നുന്നില്ല. എന്നാല്‍, മലയാളഭൂമിയില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് പലര്‍ക്കും മലയാളം ചൊവ്വെ പറയാനും എഴുതാനും അറിയില്ലെന്ന് കാണുന്പോള്‍ നോവുന്നു.
പല കൂട്ടരുണ്ടിതില്‍. ഒരു കൂട്ടര് ഇംഗ്ളീഷ് മീഡിയത്തില്‍ പഠിച്ച്, മലയാളം മറന്നുപോകുന്നവര്‍. ഞാന്‍ പ്ലസ്ടു-വിന് പഠിച്ചപ്പോള്‍ ഏകദേശം ഇങ്ങനെയൊരു അന്തരീക്ഷമായിരുന്നു. കൂട്ടുകാരില്‍, ചെറിയ ക്ളാസ് മുതല്ക്കേ ഹിന്ദി ഐച്ഛികവിഷയമായി എടുത്തവര്‍ ധാരാളം. അവര്‍ക്ക് മലയാളം പഠിക്കാനേയില്ല. പലര്‍ക്കും മലയാളം നേരാംവണ്ണം എഴുതാനും വയിക്കാനും അറിയില്ലെന്നു കണ്ടപ്പോള്‍ അത്ഭുതം തോന്നിപ്പോയി. ഇവിടെ കാരണക്കാര്‍ ആര്? സ്കൂള്‍? മറ്റൊരു കൂട്ടര് വിദേശത്ത് ജനിച്ചു വളരുന്നവര്‍. കേരളത്തില്‍ ജീവിച്ചിട്ടില്ലെങ്കിലും ചിലര്‍ വളരെ നന്നായി മലയാളം എഴുതുകയും വായിക്കുകയും ചെയ്യുന്നു എന്നാല്‍ മറ്റു ചിലര്‍ക്ക് മലയാളം ഏഴയലോക്കത്തു കൂടി പോയിട്ടില്ല. ഇവിടെ കാരണക്കാര്‍ ആര്? മാതാപിതാക്കള്‍? എന്റെ സഹവാസി (സഹമുറിയന്) ഇതില്‍ നിന്നൊക്കെ വ്യത്യസ്തനാണ്. (അവനിത് വായിക്കാന്‍ പോകുന്നില്ല എന്നു കരുതുന്നു ). കക്ഷി മലയാളം മീഡിയത്തിലൊക്കെ പഠിച്ചയാളാണ്. പക്ഷെ ഗവേഷണവും എല്ലാം കഴിഞ്ഞപ്പോള്‍ മലയാളമങ്ങ് താനേ വിട്ടുപോയി. ഇപ്പോള്‍ പല വാക്കുകളും അന്യമാണ്. എന്നാലും ‘അജഗജാന്തരം’ എന്നൊക്കെ പറഞ്ഞുകളയും ആശാന്! അപ്പോള്‍ ഞാന്‍ നിലനില്പിന് ‘ചക്ഷുശ്രവണഗളസ്തമാം ദര്‍ദ്ദുരം’ എന്നൊക്കെ പറയേണ്ടി വരും, അവന്റെ നാവടക്കാന്‍.
അപ്പോള്‍ കോഴിയുടെ പര്യായത്തിലേയ്‍ക്ക് തിരിച്ചു വരട്ടെ. ഈയിടെ നാട്ടിലായിരുന്നപ്പോള്‍ സംഭവിച്ചത്. എന്റെ പ്രിയപ്പെട്ട കസിന് പതിനൊന്നാം ക്ളാസിലെ ഓണപ്പരീക്ഷ ആയിരുന്നു. ഞാന്‍ വന്നതറിഞ്ഞ് എന്നെ ഫോണ്‍ വിളിച്ചതാണ്. “എടീ, നാളെ നിനക്കെന്തിന്റെ പരീക്ഷയാ??” “ഇകോണോമിക്സ്”. ഞാന്‍ ചുമ്മാ ചോദിച്ചു: “എടീ ഇകോണോമിക്സിന്റെ മലയാളം എന്താ??” പെട്ടെന്നു കിട്ടി മറുപടി: “ചരിത്രം”. “ചരിത്രം???!!!!!!!!!!” ഞങ്ങളെല്ലാരും കൂടെ പിന്നെയവളെ കൊന്നുവിട്ടില്ലേ! അബദ്ധം പറ്റിയതാണ്, എന്നാലും പിന്നെ ഞാന്‍ അവളെ വെറുതെ വിട്ടില്ല, എപ്പോഴും ഓരൊ പര്യായവും നാനാര്‍ത്ഥവും വിപരീതവും ഒക്കെ അന്പെയ്യാന്‍ തുടങ്ങി. അങ്ങനെയെത്തിയതാണ് കോഴിയില്‍. ചോദിച്ചു വന്നപ്പോള്‍ ആര്‍ക്കും അറിയില്ല. മറ്റൊരു കസിന്റെ ഭാര്യ മലയാളം അദ്ധ്യാപികയാണ്, പുള്ളിക്കാരിക്കും അറിയില്ല. അവസാനം ഭൌതികശാസ്ത്രം അദ്ധ്യാപികയായ അമ്മായി(ആന്റി)യുടെ അടുത്തു നിന്നാണ് ഒരു പര്യായം കിട്ടിയത്.
മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്റ്റ്വെയര് ഉണ്ടോ ഡൌണ്‍ലോഡ് ചെയ്യാന്‍ എവിടെയെങ്കിലും? ഓണ്‍ലൈന്‍ നിഘണ്ടു കണ്ടിട്ടൂണ്ട്, അതല്ല (അതത്ര പോര താനും). കഴിഞ്ഞ സെപ്തംബറില്‍ ഞാന്‍ രവി ഡി.സി. (ഡി.സി.ബുക്സ്) യോട് ഇക്കാര്യം സംസാരിച്ചിരുന്നു. മലയാളം പഠിക്കാനും ഉപയോഗിക്കാനും വാക്‍സന്പത്ത് വര്‍ദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് അതുപോലൊരു സോഫ്റ്റ്വെയര് നന്നായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. മേശപ്പുറത്തിരുന്ന ലാപ്ടോപ്പ് എന്റെ നേരേ നീക്കിയിട്ട് ദേ നോക്ക് എന്നു ആശാന് പറഞ്ഞു. നോക്കിയപ്പോള്‍ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളൊക്കെ അതില്‍ ഞാന്‍ കണ്ടു. അതെ, ഞാന്‍ വിചാരിച്ചിരുന്ന തരം ഒരു സോഫ്റ്റ്വെയര് തന്നെ. ഏകദേശം പൂര്‍ത്തിയായി വരുന്നു, സെക്യൂരിറ്റിയാണ് ഇപ്പോള്‍ അവരുടെ പ്രശ്നം, ആരും ചുമ്മാ കോപ്പി ചെയ്തും ഡൌണ്‍ലോഡ് ചെയ്തും കൊണ്ടൂപോകരുത്. അപ്പോള്‍ മനസ്സിലായി ഇതു ഫ്രീ അല്ല, കാശുമുടക്കുള്ള ഏര്‍പ്പാടാണെന്ന്. ഞാന്‍ പറഞ്ഞു, ഞങ്ങളിത് ഇറക്കുകയാണെങ്കില്‍ എല്ലാവര്ക്കും ഫ്രീ ആയിരിക്കും. എങ്കിലും, ലാഭം മുന്നില്‍ കണ്ടാണെങ്കിലും ഡി.സി.ബുക്സിന്റെ സംരംഭങ്ങള്‍ പ്രശംസനീയം!! മലയാളത്തെ ഇത്രയധികം പരിപോഷിച്ച വേറേ പ്രസാധകരില്ല. സോഫ്റ്റ്വെയര് ഇറക്ക്, ഞാന്‍ ക്രാക്ക് ചെയ്തോളാമെന്നും തമാശയ്ക്ക് പറഞ്ഞാണ് അവിടുന്നിറങ്ങിയത്. മറ്റൊരു മലയാളം-ഇംഗ്ളീഷ് നിഘണ്ടു സോഫ്റ്റ്വെയര് വിപണിയില്‍ കണ്ടു, മനോരമ ഇറക്കിയ ‘പദാര്‍ത്ഥം’. ആരെങ്കിലും പരീക്ഷിച്ചു നോക്കിയിട്ടുണ്ടൊ? ഇങ്ങനെയൊരു സംരംഭത്തിന് ആരെങ്കിലും തുനിഞ്ഞിറങ്ങുന്നുണ്ടെങ്കില്‍ ഞാനും ആവും വിധം സഹായിക്കാം.
ഏതായാലും മലയാളം പറയാനും വായിക്കാനും അറിയാവുന്ന ഒരാളെ മാത്രമെ വിവാഹം ചെയ്യുകയുള്ളൂവെന്ന് ഞാന്‍ കരുതിയിരിക്കുകയാണ്.. എനിക്കു മലയാളത്തില്‍ പ്രേമിച്ചാലേ പ്രേമം വരൂ..
അപ്പോള്‍ കോഴിയുടെ പര്യായം?? ആരോടെങ്കിലും ചോദിച്ചുനോക്കൂ.. കിട്ടിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞുതരാം. ഇപ്പോ അത്യാവശ്യമൊന്നുമില്ലല്ലൊ!
This blog is in Malayalam language. Any reading problems? Check here.